Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 3

ദേശാഭിമാനി

ഡോ. ടി.എം. തോമസ് ഐസക്


സ്വാതന്ത്ര്യസമരവും കേരളത്തിലെ തൊഴിലാളികളും
സ്വാതന്ത്ര്യസമരത്തിൽ തൊഴിലാളികളുടെ പങ്കാളിത്തം സംബന്ധിച്ച് ലെനിൻ മുന്നോട്ടുവച്ച നയം
പ്രസിദ്ധമാണ്. ബൂർഷ്വാ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുകൊണ്ടുതന്നെ
തൊഴിലാളികളെയും കൃഷിക്കാരെയും സ്വതന്ത്ര വിപ്ലവശക്തികളായി വളർത്തിയെടുക്കുക എന്നതാണ്
കമ്മ്യൂണിസ്റ്റുകാരുടെ കടമ. എന്നാൽ ഈ നയം വേണ്ടത്ര ഫലപ്രദമായി പ്രാവർത്തികമാക്കാൻ
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർക്ക് കഴിഞ്ഞില്ലായെന്ന വിമർശനം അന്തർദേശീയ കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനം സ്വാതന്ത്രസമര കാലത്തുതന്നെ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ, ഇന്ത്യയിലെ മറ്റു
പ്രദേശങ്ങളേക്കാൾ ഫലപ്രദമായി ഈ കടമ ചെയ്തു തീർക്കുന്നതിനു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്കു
കഴിഞ്ഞു. അതിന്റെ ഫലമായി കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളായി അവർ
ഉയർന്നു. ഇഎംഎസ്, എകെജി, കൃഷ്ണപിള്ള തുടങ്ങിയവരെ മാറ്റിനിർത്തിയിട്ട് ഒരു ദേശീയനേതൃത്വം
കേരളത്തിൽ ഉണ്ടോ?
പുന്നപ്ര-വയലാർ സമരം
മാത്രമല്ല, തൊഴിലാളി പ്രസ്ഥാനം ദേശീയപ്രസ്ഥാനത്തിന്റെ തന്നെ ചാലകശക്തിയും പ്രത്യക്ഷ
നേതാവുമായി യുദ്ധാനന്തര വിപ്ലവമുന്നേറ്റ കാലത്ത് മാറുന്ന അപൂർവ്വ അനുഭവത്തിനും കേരളം
സാക്ഷ്യംവഹിച്ചു. പുന്നപ്ര-വയലാർ സമരത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. അമ്പലപ്പുഴ,
ചേർത്തല താലൂക്കുകളിലെ ഫാക്ടറി തൊഴിലാളികൾ ആയുധമെടുത്തു പോരാടി. അവരുടെ പിന്നിൽ
നാട്ടിൻപുറത്തെ ദരിദ്രകൃഷിക്കാരും മത്സ്യത്തൊഴിലാളികളും മറ്റു കൂലിവേലക്കാരും അണിനിരന്നു.
നൂറുകണക്കിനു വിപ്ലവകാരികൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. പക്ഷേ, സ്വതന്ത്ര തിരുവിതാംകൂറിനായുള്ള
ദിവാന്റെ നീക്കം പൊളിഞ്ഞു. കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ
മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു ആലപ്പുഴയിലെ തൊഴിലാളികൾ.
1922-ലാണ് കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനായ ‘തിരുവിതാംകൂർ ലേബർ
അസോസിയേഷൻ’ ആലപ്പുഴയിൽ രൂപംകൊള്ളുന്നത്. തൊഴിലാളികളുടെ സാമ്പത്തിക
ആവശ്യങ്ങൾക്കുപരി അവരുടെ സാമൂഹിക അഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സംഘടന
രൂപംകൊണ്ടത്. എന്നാൽ 1930-കളുടെ ആഗോള സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ കൂലി
നിരന്തരം വെട്ടിക്കുറയ്ക്കപ്പെട്ടു. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പും പോരാട്ടവും തിരുവിതാംകൂർ ലേബർ
അസോസിയേഷനെ ഒരു സമരസംഘടനയായി വളർത്തി.
1938-ലെ പൊതുപണിമുടക്ക്
1938-ൽ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻവേണ്ടി അനിശ്ചിതകാല പൊതുപണിമുടക്ക്
പ്രഖ്യാപിക്കപ്പെട്ടു. ഇതേസമയം തിരുവിതാംകൂറിലെ സ്റ്റേറ്റ് കോൺഗ്രസ് ഉത്തരവാദിത്വ
ഭരണത്തിനുവേണ്ടി വലിയ പ്രക്ഷോഭവും ആരംഭിച്ചു. തൊഴിലാളികൾ ഈ രാഷ്ട്രീയ മുദ്രാവാക്യവും
സമരത്തിൽ ഉയർത്തി. എന്നാൽ സമരം ഏതാനും ദിവസം പിന്നിട്ടപ്പോൾ സ്റ്റേറ്റ് കോൺഗ്രസ്
ദിവാനുമായി ഒത്തുതീർപ്പിലെത്തി സമരത്തിൽ നിന്നു പിന്മാറി. എല്ലാ മർദ്ദനത്തെയും അതിജീവിച്ച്
തൊഴിലാളികൾ ഒരുമാസക്കാലം സമരം തുടർന്നു. കോൺഗ്രസിന്റെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൽ
അസംതൃപ്തരായിരുന്ന യുവജനങ്ങൾക്ക് ആവേശമായി തൊഴിലാളിപ്രസ്ഥാനം. അങ്ങനെ സ്റ്റേറ്റ്
കോൺഗ്രസിനുള്ളിൽ ഇടതുപക്ഷക്കാരുടെ റാഡിക്കൽ ഗ്രൂപ്പ് രൂപംകൊണ്ടു.

1
ആലപ്പുഴയിലെ ഫാക്ടറി തൊഴിലാളി നാട്ടിൻപുറങ്ങളിലെ ജനങ്ങളുടെ സംഘാടകനും
സമരനേതാവുമായി ഉയർന്നു. ആലപ്പുഴയിലെ പ്രാന്തപ്രദേശങ്ങളിൽ മാത്രമല്ല കുട്ടനാട്ടിലും
തിരുവിതാംകൂറിലെ മറ്റു തൊഴിൽ കേന്ദ്രങ്ങളിലെയും ട്രേഡ് യൂണിയനുകൾ വളർത്തിയെടുക്കുന്നതിൽ
അവർ സുപ്രധാന പങ്കുവഹിച്ചു. 1940-കളിൽ ആലപ്പുഴയിൽ ദൃഡമായിത്തീർന്ന തൊഴിലാളി-കർഷക
സഖ്യമായിരുന്നു പുന്നപ്ര-വയലാർ പോലൊരു പോരാട്ടത്തിനു ആത്മവിശ്വാസം നൽകിയത്.
1938-ന്റെ പുതിയ പതിപ്പ്
1938-ലെ ഈ സമരത്തിന്റെ പുതിയൊരു പതിപ്പായിട്ടാണ് 1946-ലെ സമരത്തെ വിഭാവനം
ചെയ്തിരുന്നത്. തിരുവിതാംകൂറിലെ ട്രേഡ് യൂണിയനുകൾ ഉത്തരവാദിത്വ ഭരണത്തിനും സേവന-
വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി അഖില തിരുവിതാംകൂർ പണിമുടക്ക് ആരംഭിക്കും.
സ്റ്റേറ്റ് കോൺഗ്രസ് 1938-ലെ പോലെ അഖില തിരുവിതാംകൂർ രാഷ്ട്രീയ പ്രക്ഷോഭത്തിലൂടെ പിന്തുണ
സമരത്തിനു നൽകും. ഇതായിരുന്നു തന്ത്രം. എന്നാൽ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വം വഞ്ചനാപൂർവ്വം
സമരത്തിൽ നിന്നും പിൻവലിഞ്ഞു. ആലപ്പുഴയിലെ സംഘർഷങ്ങൾ അപ്പോഴേക്കും
പിടിച്ചുനിർത്താനാകാത്ത ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. രാഷ്ട്രീയ
സമരത്തിൽനിന്നും കോൺഗ്രസിന്റെ പിന്മാറ്റം തൊഴിലാളി സമരത്തെ ചോരയിൽ മുക്കിക്കൊല്ലുന്നതിനു
ഭരണകൂടത്തിനു സഹായകരമായി.
പക്ഷേ, തൊഴിലാളി പ്രസ്ഥാനം തകർന്നില്ല. ആലപ്പുഴ ട്രേഡ് യൂണിയൻ പ്രസ്ഥാനം പൂർവ്വാധികം
ശക്തമായി ഉയർത്തെഴുന്നേറ്റു. സ്വാതന്ത്ര്യാനന്തര കാലത്ത് കേരളത്തിൽ കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ ജനസ്വാധീനത്തിലുണ്ടായ അഭൂതപൂർവ്വമായ വർദ്ധനവിന് അടിസ്ഥാനം
സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തിൽ വടക്കേ മലബാറിലെ കർഷകസമരങ്ങളുടെയും
പുന്നപ്ര-വയലാറിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേടിയ അധീശത്വമാണ്.
ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനം ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി പരിവർത്തനം
ചെയ്യപ്പെട്ടതിൽ നിർണ്ണായകപങ്ക് മലബാറിൽ ദേശീയപ്രസ്ഥാനത്തിനുള്ളിൽ രൂപംകൊണ്ട
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കുണ്ട്. 1938-ലെ പണിമുടക്കത്തിൽ തൊഴിലാളികൾ
ഉറച്ചുനിന്നതിന്റെയും പിന്നീട് ഒത്തുതീർപ്പിൽ എത്തിയതിന്റെയും സൂത്രധാരൻ പി. കൃഷ്ണപിള്ള ആയിരുന്നു.
മലബാറിൽ നിന്നും ഒരു സംഘം പ്രവർത്തകർ ആലപ്പുഴയിൽ ക്യാമ്പ് ചെയ്തു പ്രവർത്തിച്ചു.
പിക്കറ്റിംഗിന്റെയും മറ്റും മുന്നിൽ നിന്ന് മർദ്ദനം ഏറ്റുവാങ്ങുകയും ചെയ്തു.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
മലബാറിലെ ദേശീയപ്രസ്ഥാനത്തിനുള്ളിൽ ഇടതുപക്ഷ ധാരയായി രൂപംകൊണ്ട കോൺഗ്രസ്
സോഷ്യലിസ്റ്റുകാർ 1934-ലും 1938-ലും കെപിസിസിയുടെ നേതൃത്വത്തിലേക്കു വന്നു.
ദേശീയപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം സ്വതന്ത്രമായ തൊഴിലാളിപ്രസ്ഥാനത്തെയും
കർഷകപ്രസ്ഥാനത്തെയും മറ്റു ബഹുജനസംഘടനകളെയും വളർത്തിയെടുക്കുന്നതിന് കോൺഗ്രസ്
സോഷ്യലിസ്റ്റുകാർ ശ്രദ്ധിച്ചു.
തിരു-കൊച്ചിയെ അപേക്ഷിച്ച് വ്യവസായ വികസനത്തിൽ മലബാർ പിന്നോക്കമായിരുന്നു. ബീഡി,
നെയ്ത്ത്, ഓട് എന്നിവയായിരുന്നു പ്രധാന വ്യവസായങ്ങൾ. ഇവിടങ്ങളിൽ 1920-കളുടെ അവസാനവും
1930-കളുടെ ആദ്യവുമായി തിയോഫിസിക്കൽ ചിന്താഗതിക്കാരുടെയും സാമൂഹ്യപരിഷ്ക്കരണ
പ്രവർത്തകരുടെയും മറ്റും നേതൃത്വത്തിൽ രൂപംകൊണ്ട ആദ്യകാല ട്രേഡ് യൂണിയനുകളിൽ
സോഷ്യലിസ്റ്റുകാർ ഇടപെട്ടു. പുതിയ യൂണിയനുകൾ ഉയർന്നുവന്നു. പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും
സജീവനേതൃത്വം നൽകി.

2
1934-ൽ കെപിസിസി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു പി. കൃഷ്ണപിള്ള കൺവീനറും, കെ.പി
ഗോപാലൻ, ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. അതേവർഷം
കാലിക്കറ്റ് ലേബർ യൂണിയൻ സ്ഥാപിതമായി. 1934-ൽ നടന്ന പ്രധാന സമരങ്ങൾ ആയിരുന്നു
അരോൺ മില്ലിലേയും ഫറോക്കിലെ മലബാർ ടെയിൽ വർക്സിലെയും സമരങ്ങൾ. ബീഡി, ചുരുട്ട്
തൊഴിലാളികളായിരുന്നു ഏറ്റവും സജീവമായി മുന്നിലുണ്ടായിരുന്നത്. അവരുടെ അഖില മലബാർ
ഫെഡറേഷനും രൂപംകൊണ്ടു.
അഖില കേരള തൊഴിലാളി സമ്മേളനം
കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക വഴിത്തിരിവായിരുന്നു
1935 മെയ് മാസത്തിൽ കോഴിക്കോട് നടന്ന അഖില കേരള തൊഴിലാളി സമ്മേളനം. മലബാറിലെ
മാത്രമല്ല, കൊല്ലം, കൊച്ചി, തൃശ്ശൂർ തുടങ്ങിയവിടങ്ങളിലെ ട്രേഡ് യൂണിയനുകളുടെ വ്യാപനത്തിന്റെ
പ്രാതിനിധ്യം ഈ സമ്മേളനത്തിൽ ഉണ്ടായിരുന്നു. മലബാറിൽ നിന്നുള്ള പ്രതിനിധികൾക്കു പുറമേ
എൻ.സി ശേഖർ, കെ.കെ വാര്യർ, പി.എസ് നമ്പൂതിരി, ആർ. സുഗതൻ തുടങ്ങിയവരും
പങ്കെടുത്തിരുന്നു. കൊല്ലത്തെ കശുവണ്ടി തൊഴിലാളികൾ സംഘടിതരായിരുന്നു. തൃശ്ശൂർ ലേബർ
ബ്രദർഹുഡ് രൂപംകൊണ്ടിരുന്നു.
പി. കൃഷ്ണപിള്ള സെക്രട്ടറിയായി പുതിയ അഖില കേരള തൊഴിലാളി സംസ്ഥാന കമ്മിറ്റി രൂപംകൊണ്ടു.
സമ്മേളനത്തിനുശേഷം കോഴിക്കോട് നിരവധി ഫാക്ടറികളിൽ സമരങ്ങൾ പടർന്നുപിടിച്ചു. ബീഡി
തൊഴിൽ മേഖലകളിലെല്ലാം സമരങ്ങൾ ഉയർന്നു. ഈ സമ്മേളനത്തിനുശേഷമാണ് കൊച്ചിൻ
പോർട്ടിലെയും ടാറ്റാ ഓയിൽ മില്ലിലെയും അളഗപ്പ ടെക്സ്റ്റയിലിലെയും മറ്റും സമരങ്ങൾ നടന്നത്.
അഖില കേരള തൊഴിലാളി സമ്മേളനം ജോലിസ്ഥിരത, ജോലി സമയം തുടങ്ങിയ ആവശ്യങ്ങൾക്കു
പുറമേ കോൺഗ്രസ്സിൽ തൊഴിലാളികൾക്ക് അംഗത്വം നൽകുക, ഇന്ത്യയ്ക്ക് പൂർണസ്വാതന്ത്ര്യം നൽകുക
തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. ഈ സമ്മേളനത്തിനു ശേഷമാണ്
ആലപ്പുഴ ലേബർ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ, തൊഴിലാളികളുടെ ജീവിത ദുരിതങ്ങൾക്കു
പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന ഒരു നിവേദനം തിരുവിതാംകൂർ രാജാവിന് നൽകാൻ
തീരുമാനിച്ചത്. നിവേദനം നൽകുന്നതിനുവേണ്ടിയുള്ള ജാഥയെ സർക്കാർ നിരോധിച്ചത്
ആലപ്പുഴയിലെ ട്രേഡ് യൂണിയനുകളുടെ രാഷ്ട്രീയവൽക്കരണത്തിൽ ഒരു പ്രധാന വഴിത്തിരിവായിരുന്നു.
അഖില കേരള ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ രണ്ടാം സമ്മേളനം 1937-ൽ തൃശൂരിലും മൂന്നാം
സമ്മേളനം 1939-ൽ ആലപ്പുഴയിലും നടന്നു. തിരുവിതാംകൂറിലെ തൊഴിലാളി പ്രവർത്തനങ്ങളെ
ഏകോപിപ്പിക്കുന്നതിനുവേണ്ടി 1939-ൽ ആലപ്പുഴയിൽ വച്ച് ഒരു അഖില തിരുവിതാംകൂർ സമ്മേളനവും
ചേരുകയുണ്ടായി. ഇവയുടെ സംഘാടനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റുകാരും ഓൾ ഇന്ത്യ ട്രേഡ്
യൂണിയൻ നേതാക്കളും സുപ്രധാന പങ്കുവഹിക്കുകയുണ്ടായി.
ഇവിടെ വിവരിച്ചതുപോലുള്ള ഇടതുപക്ഷവും സ്വാതന്ത്ര്യപ്രസ്ഥാനവും അതോടൊപ്പം ട്രേഡ്
യൂണിയനുകൾ അടക്കമുള്ള ബഹുജനപ്രസ്ഥാനങ്ങളുമായുള്ള പാരസ്പര്യം സ്വാതന്ത്ര്യസമരത്തിന്റെ
നേതൃത്വത്തിലേക്ക് തൊഴിലാളിപ്രസ്ഥാനത്തെ ഉയർത്തി. ഇതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ മേധാവിത്വത്തിന് അടിസ്ഥാനമായിത്തീർന്നത്.

You might also like