24 - Heart Diseases - Manorama Premium

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 10

TRENDING NOW Puthuppally Byelection Udhayanidhi Stalin Chandrayaan-   My Account 

SECTIONS 30°C
Thiruvananthapuram

PREMIUM

‘ഗ്യാസ്’ അല്ല; ഈ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ


മുന്നറിയിപ്പ്; എങ്ങനെ തിരിച്ചറിയും? ജിമ്മിലും വേണോ
മുൻകരുതൽ?
റിയ ജോയ്
SEPTEMBER 04, 2023 08:56 AM IST

ചെറുപ്പത്തിന്റെ പ്രസരിപ്പ് വിട്ടുമാറാത്ത, ഫിറ്റ്നസിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത


ഒരുപാടു മുഖങ്ങൾ ഹൃദയാഘാതം മൂലം അകാലത്തിൽ യാത്രയായതിന്റെ ഞെട്ടലിലാണ്
ആരോഗ്യരംഗം. ജിമ്മിൽ വ്യായാമം ചെയ്യുന്നവരും ഫിറ്റ്നസ് ഇൻഫ്ലുവൻസർമാരായി
പേരെടുത്തവരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ഹൃദയം തകർന്നു വിടവാങ്ങുമ്പോൾ
ഇതൊന്നും അത്ര കാര്യമായി കരുതാത്തവരിൽ സൃഷ്ടിക്കപ്പെടുന്ന ആശങ്കകൾ
ചെറുതല്ല. ആ ആശങ്കകളുടെ നെരിപ്പോടിലേക്കു തീ പകർന്ന് ഒരു പഠനം കൂടി
വന്നിരിക്കുകയാണ്. ഹൃദയാഘാതത്തിനു മുൻപ് സ്ത്രീകളിലും പുരുഷന്മാരിലും
കണ്ടുവരുന്ന ലക്ഷണങ്ങൾ ഒരുപോലെയല്ലെന്നാണു പുതിയ കണ്ടെത്തൽ.
വൈദ്യശാസ്ത്രത്തിന്റെ അവസാന വാക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ലാൻസെറ്റ്
മെഡിക്കൽ ജേണലിലാണ് ആരോഗ്യരംഗത്ത് ഏറെ ചർച്ചകൾക്കു വഴിയൊരുക്കാവുന്ന
പുതിയ പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്ത്രീകളിൽ ശ്വാസംമുട്ടലും പുരുഷന്മാരിൽ നെഞ്ചുവേദനയുമായാണ് ഹൃദയാഘാതം
വരവറിയിക്കുന്നതെന്നാണ് കലിഫോർണിയയിലെ സ്മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ
പുതിയ പഠനഗവേഷണത്തിലെ കണ്ടെത്തൽ. ഹൃദയം നിലയ്ക്കുന്നതിന് 24
മണിക്കൂറിനകം തന്നെ ശരീരം ഇത്തരം ലക്ഷണങ്ങൾ പ്രകടമാക്കിയെന്നതാണു
ഗവേഷണത്തിന്റെ നിർണായക കണ്ടെത്തലുകളിലൊന്ന്. ഈ ലക്ഷണങ്ങൾ
അവഗണിക്കരുതെന്നും അടുത്ത 24 മണിക്കൂറിനകം ഒരു അറ്റാക്കിനുള്ള
സാധ്യതയിലേക്കാണ് ശരീരം നീങ്ങുന്നതെന്നുമുള്ള സൂചനയാണിതെന്നും മറക്കരുത്.
പഠനവിധേയമാക്കിയവരിൽ 50 ശതമാനം പേർക്കും ശ്വാസം മുട്ടൽ, നെഞ്ചുവേദന
എന്നിവയ്ക്കു പുറമേ തലകറക്കം, നെഞ്ചിടിപ്പിലെ അസ്വാഭാവിക വർധന തുടങ്ങിയ
ലക്ഷണങ്ങളും പ്രകടമായിരുന്നുവത്രേ. എങ്ങനെ ഹൃദ്രോഗം മുൻകൂട്ടി അറിയാം?
എങ്ങനെയൊക്കെ രോഗം നിയന്ത്രിക്കാം? എന്തൊക്കെയാണ് ചികിത്സകൾ? വിശദമായി
വായിക്കാം..
∙ സ്ത്രീപുരുഷവ്യത്യാസം രോഗലക്ഷണത്തിലോ സമീപനത്തിലോ?
കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഹൃദ്രോഗലക്ഷണങ്ങളിൽ
സ്ത്രീപുരുഷവ്യത്യാസം അത്ര തോന്നിയിട്ടില്ലെന്നാണ് ഹൃദയശസ്ത്രക്രിയാ വിദഗ്ദനായ
ഡോ.ജോസ് ചാക്കോ പെരിയപ്പുറം അഭിപ്രായപ്പെടുന്നത്. ശ്വാസംമുട്ടൽ, നെഞ്ചുവേദന
തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ഒരു
പോലെതന്നെയാണ് കേരളത്തിൽ കണ്ടുവരാറുള്ളത്. ഒരു മാസം ശരാശരി 100 ഹൃദയ
ശസ്ത്രക്രിയകൾ വരെ ചെയ്യേണ്ടിവരാറുണ്ട്. അതിൽ 60 ശതമാനവും സ്ത്രീകളാണ്
എന്നതാണ് ഇവിടത്തെ പ്രത്യേകത. ഇതിനു കാരണം ഹൃദ്രോഗം കണ്ടെത്തുന്നതിലും
കൃത്യമായ ചികിത്സ ലഭിക്കുന്നതിലും സ്ത്രീകളോട് സമൂഹം കാണിക്കുന്ന
വിവേചനമാണ്. വീട്ടിൽ പുരുഷന് ശ്വാസംമുട്ടലോ നെഞ്ചുവേദനയോ പോലുള്ള
രോഗലക്ഷണങ്ങൾ കണ്ടാൽ വീട്ടിലെ സ്ത്രീകൾതന്നെ പ്രത്യേകം താൽപര്യമെടുത്ത്
അദ്ദേഹത്തെ ഡോക്ടറുടെ മുന്നിലെത്തിക്കാറുണ്ട്. പുരുഷന്മാർ സ്വയം ഡോക്ടറെ കണ്ട്
പരിശോധനകൾ നടത്തുകയും ചെയ്യും.
എന്നാൽ വീട്ടിലെ സ്ത്രീകൾക്കാണ് ഇത്തരം അസ്വസ്ഥതകൾ വരുന്നതെങ്കിൽ
വീട്ടുജോലി ചെയ്യുന്നതിന്റെ ക്ഷീണമെന്ന മട്ടിൽ പലരും അവഗണിക്കുകയാണു പതിവ്.
വീട്ടിലെ ഉത്തരവാദിത്തങ്ങളിൽനിന്നു വിട്ടുനിൽക്കാൻ സമയം കിട്ടാത്തതിനാൽ
ഡോക്ടറെ കാണുന്നത് നീട്ടിവയ്ക്കുകയും ചെയ്യുന്നു. ട്രെഡ്മിൽ ടെസ്റ്റ് പോലുള്ള
പരിശോധനകൾ നടത്തിയാലും പുരുഷന്മാരിൽ ലഭിക്കുന്നത്ര കൃത്യമായ
പരിശോധനാഫലം സ്ത്രീകളിൽ ലഭിക്കണമെന്നില്ല. സ്ത്രീകൾക്കു മാറിടമുൾപ്പെടെ
നെഞ്ചുഭാഗത്തെ ശരീരപ്രകൃതി പുരുഷന്മാരിൽനിന്നു വ്യത്യസ്തമായതാണ് കാരണം.
ഈ രണ്ടുകാരണങ്ങൾ മൂലം സ്ത്രീകളിലെ ഹൃദ്രോഗം മുൻകൂട്ടി കണ്ടെത്താൻ കഴിയാതെ
വരുന്നു. രോഗം മൂർഛിച്ച ശേഷമോ അറ്റാക്ക് വന്നതിനു ശേഷമോ ആയിരിക്കും
സ്ത്രീകൾ കാർഡിയോളജിസ്റ്റിന്റെ മുന്നിലെത്തുക.
പ്രമേഹബാധിതർക്കു സാധാരണ നെഞ്ചുവേദന അനുഭവപ്പെടാറില്ല. അവരിൽ
ശ്വാസംമുട്ടലായാണ് ഹൃദ്രോഗം പ്രകടമാകുക. ഇത് ശ്വാസകോശ സംബന്ധമായ
രോഗമാണെന്നു തെറ്റിദ്ധരിക്കുന്നതുകാരണം പലപ്പോഴും ഹൃദയത്തിനു വേണ്ട ചികിത്സ
ലഭിക്കാതെ വരുന്ന സാഹചര്യവുമുണ്ട്. ലോഗലക്ഷണങ്ങളിലുള്ള വ്യത്യാസത്തേക്കാൾ
രോഗിയോടുള്ള സമീപനത്തിലാണ് കേരളത്തിൽ സ്ത്രീ–പുരുഷ വ്യത്യാസം
തോന്നാറുള്ളത്. 40 വയസ്സു കഴിഞ്ഞ സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ
ഹൃദയസംബന്ധമായ പരിശോധനകൾ നടത്താൻ മടിക്കരുതെന്നും ഡോ.ജോസ് ചാക്കോ
പെരിയപ്പുറം പറയുന്നു.
∙ ഓ ഇത് ഗ്യാസിന്റെ സൂക്കേടാ; അല്ല!
നെഞ്ചുവേദന വന്നാൽ കാര്യമാക്കാതെ ‘ഓ ഇത് ഗ്യാസിന്റെ സൂക്കേടാ...’ എന്നു പറഞ്ഞ്
അവഗണിക്കുന്ന പ്രവണത പ്രായമായവരിൽ കൂടിവരികയാണ്. രാത്രി ഭക്ഷണം കഴിച്ച
ശേഷം വയറിന്റെ മുകൾഭാഗത്തും നെഞ്ചിലുമായിരിക്കും അസ്വസ്ഥത തോന്നുക.
പലർക്കും ഉറക്കത്തിനിടയിൽ അറ്റാക്ക് വന്നു മരണം സംഭവിക്കും. ഗ്യാസ് ആണെന്നു
വിചാരിച്ച് ഹൃദ്രോഗത്തെ അവഗണിച്ചതിന്റെ ഫലമാണിത്. ഗ്യാസ് എന്ന
അസുഖത്തെക്കുറിച്ചും വളരെയധികം തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. ഗ്യാസ്
രോഗികൾക്ക് ശ്വാസകോശത്തിന്റെ ഭാഗത്തോ സന്ധികളിലോ വേദനയോ ബുദ്ധിമുട്ടോ
അനുഭവപ്പെടാറില്ല. പലരും ധരിച്ചിരിക്കുന്നത് സന്ധികളിലെ വേദന, നടുവേദന,
കഴുത്തിനു വേദന, കൈകൾക്കുള്ള വേദന തുടങ്ങിയവയെല്ലാം ഗ്യാസിന്റെ പ്രശ്നം
മൂലമാണെന്നാണ്. ഡിസ്പെപ്സിയ എന്നാണ് ആധുനിക വൈദ്യശാസ്ത്രം ഗ്യാസിന്റെ
അസുഖത്തെ വിളിക്കുന്നത്. മുകൾവയറ്റിൽ വീർത്തുകെട്ടി വരിക, മുകൾവയറ്റിൽ വേദന
വരിക തുടങ്ങിയവയ്ക്ക് പൊതുവേ പറയുന്ന പേരാണ് ഡിസ്പെപ്സിയ.
ഡിസ്പെപ്സിയ ഒരു രോഗലക്ഷണം മാത്രമാണ്. ഹൃദ്രോഗികൾക്ക് സാധാരണയായി
ഹൃദയത്തിന്റെ വശത്തു തന്നെയാണു വേദന വരുന്നത്. നെഞ്ചിൽ ഭാരം
കയറ്റിവച്ചിരിക്കുന്നതു പോലെയുള്ള തോന്നൽ ഉണ്ടാകും. അസഹ്യമായ
വേദനയായിരിക്കും. താടി ഭാഗം തൊട്ട് പൊക്കിളിനു മുകൾ ഭാഗം വരെ എവിടെ
വേണമെങ്കിലും ഹൃദ്രോഗവുമായി ബന്ധപ്പെട്ട വേദന വരാം. ഇടതുവശത്തെ
ഉള്ളംകയ്യിലേക്ക് ചിലപ്പോൾ ഈ വേദന വ്യാപിച്ചെന്നും വരാം. രോഗി വിയർക്കും,
പരവേശമുണ്ടാകും. എന്നാൽ ഗ്യാസ് മാത്രമാണു പ്രശ്നമെങ്കിൽ ലക്ഷണങ്ങൾ ഇത്ര
രൂക്ഷമല്ല. വയർ വീർത്തുകെട്ടി വരികയാണു ചെയ്യുക. ചിലപ്പോൾ ഓക്കാനമുണ്ടാകും.
വയറിന്റെ മുകൾഭാഗത്ത് എരിച്ചിൽ ഉണ്ടാകാനും സാധ്യതയുണ്ട്. ‘ആസിഡ് റിഫ്ലക്സ്
ഡിസീസ്’ എന്ന രോഗം മൂലവും നെഞ്ചിന്റെ ഭാഗത്തു വേദന വരാം. നെഞ്ചിന്റെ ഭാഗത്തു
വേദന വന്നാൽ അത് ഗ്യാസിന്റെ പ്രശ്നമാണെന്നു പറഞ്ഞ് പരിശോധനകൾക്കു
മുതിരാതിരിക്കരുത്.
∙ അറ്റാക്ക്? അറസ്റ്റ്? ഫെയിലിയർ?
നമ്മുടെ രാജ്യത്ത് 52 ശതമാനം ആളുകളുടെയും മരണകാരണം ഹൃദയസംബന്ധമായ
രോഗങ്ങളാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഹൃദയത്തിന്റെ പേശികളിൽ
രക്തമെത്തിക്കുന്ന ധമനികൾക്കു തടസ്സമുണ്ടാകുന്നതിനെയാണ് ഹാർട്ട് അറ്റാക്ക് എന്നു
പറയുന്നത്. ഹാർട്ട് ഫെയിലിയർ എന്നാൽ പല കാരണങ്ങൾകൊണ്ടും ഹൃദയത്തിലെ
രക്തക്കുഴലുകൾ ദുർബലമാകുകയും ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാൻ
കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ്. കാർഡിയാക് അറസ്റ്റ് എന്നാൽ
ഹൃദയത്തിന്റെ പ്രവർത്തനം നിന്നുപോകുന്ന അവസ്ഥയാണ്. പ്രധാനമായും ജന്മനാ ഉള്ള
ഹൃദയ വൈകല്യം കാരണമാണ് ചെറുപ്പക്കാരിലും കുട്ടികളിലും ഹാർട്ട് ഫെയിലിയർ
സംഭവിക്കുന്നത്. രക്തധമനികൾ അടഞ്ഞുപോകുന്ന അവസ്ഥ മൂലവും ഹാർട്ട്
ഫെയിലിയർ ഉണ്ടായേക്കാം. കോവിഡ് ഉൾപ്പെടെയുള്ള വൈറൽ അണുബാധ, കിഡ്നി
തകരാർ, എച്ച്ഐവി, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളുടെ വൈറസ് ഹൃദയത്തെ
ബാധിക്കുന്നതുമൂലവും ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകാറുണ്ട്.
ഹൈപ്പർ തൈറോയിഡിസം, പ്രമേഹം തുടങ്ങിയ രോഗങ്ങളും മദ്യം, മയക്കുമരുന്നിന്റെ
ഉപയോഗം, അലസമായ ജീവിതരീതി, അമിതവണ്ണം, പുകവലി എന്നിവയും ഹൃദയത്തെ
പതുക്കെപ്പതുക്കെ കൊല്ലുന്ന കാരണങ്ങളാണ്. ഹാർട്ട് ഫെയിലിയർ സംഭവിക്കുന്ന നൂറിൽ
42 പേരും 5 വർഷത്തിനകം മരിച്ചുപോകാറുണ്ട്.
ശ്വാസംമുട്ടൽ, കിതപ്പ്, ശരീരഭാര വർധന, കാലിൽ നീര്, രാവിലെ ഉറങ്ങിയുണരുമ്പോൾ
മുഖത്ത് നീര്, വരണ്ട ചുമ, കൂടുതൽ തവണ മൂത്രമൊഴിക്കാനുള്ള തോന്നൽ, അമിതമായ
ക്ഷീണം തുടങ്ങിയവയാണ് ഹാർട്ട് ഫെയിലിയറിന്റെ പ്രധാന ലക്ഷണങ്ങൾ. പ്രായം
കൂടുന്നതനുസരിച്ചും ഹൃദയം ദുർബലമാകുന്നു. 65–75 വയസ്സിൽ ഹാർട്ട് ഫെയിലിയർ
സംഭവിക്കാറുണ്ട്. 75 വയസ്സു കഴിഞ്ഞാൽ ഈ സാധ്യത വളരെയധികം കൂടുന്നു.
ചെറുപ്പക്കാരിലും ഹാർട്ട് ഫെയിലിയർ കണ്ടുവരുന്നുണ്ട്.
∙ അറ്റാക്ക് മരണം: 70 ശതമാനവും വീടുകളിൽ
ലോകത്തുണ്ടാകുന്ന ഹൃദയസ്തംഭനങ്ങളിൽ 70 ശതമാനവും വീടുകളിലാണു
സംഭവിക്കുന്നതെന്നാണ് ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റി (ഐഎച്ച്ആർഎസ്)
അവകാശപ്പെടുന്നത്. ഹൃദയസ്തംഭനം ഉണ്ടാകുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും
ഹൃദയസംബന്ധമായ അസുഖങ്ങൾ പ്രകടമായി ഉണ്ടായിരിക്കണമെന്നും നിർബന്ധമില്ല.
ലോകത്ത് 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരിക്കുന്നു.
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും ഹൃദയാഘാതവും തമ്മിൽ വ്യത്യാസമുണ്ട്.
പെട്ടെന്നു ഹൃദയസ്തംഭനമുണ്ടാകുന്ന ഒരാൾക്കു ഹൃദയമിടിപ്പ് ഉണ്ടായിരിക്കില്ല. എന്നാൽ
ഹൃദയസ്തംഭനം ഒഴികെയുള്ള എല്ലാ ഹൃദയാഘാതങ്ങൾക്കും മിടിപ്പ് ഉണ്ടായിരിക്കും.
സമയോചിതമായി ഇടപെട്ടാൽ ഹൃദയസ്തംഭനം മൂലമുള്ള മരണം മൂന്നിരട്ടി വരെ
കുറയ്ക്കാം. 30 വയസ്സു മുതൽ ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത
വർധിച്ചുവരികയും 50–70 വയസ്സിനിടയിൽ വളരെ കൂടുകയും ചെയ്യും.
ഹൃദയധമനികളിലെ പ്രശ്നങ്ങൾ മൂലം ചെറുപ്പക്കാർക്കും ഹൃദയസ്തംഭനത്തിനു
സാധ്യതയേറുന്നു. കൃത്യസമയത്തു രോഗനിർണയം നടത്തി ചികിത്സിക്കാത്തതു പ്രശ്നം
ഗുരുതരമാക്കുന്നുവെന്നും ഡോക്ടർമാർ പറയുന്നു. ആശുപത്രിക്കു പുറത്ത്
ഹൃദയസ്തംഭനമുണ്ടാകുന്നവരിൽ 10 ശതമാനമേ രക്ഷപ്പെടാറുള്ളൂ. കൃത്യമായ
ജീവൻരക്ഷാശുശ്രൂഷ (സിപിആർ) നൽകിയാൽ ഈ തോത് രണ്ടോ മൂന്നോ
ഇരട്ടിയാക്കാം. പൊതുസ്ഥലങ്ങളിൽ ഓട്ടമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ
(എഇഡി) സ്ഥാപിക്കുന്നതും ഗുണകരം. നിശ്ചിത തോതിൽ വൈദ്യുതതരംഗങ്ങൾ
കടത്തിവിട്ട് ഹൃദയതാളത്തിലെ ഏറ്റക്കുറച്ചിൽ പരിഹരിക്കുന്ന മെഷീൻ ആണിത്.
ഹൃദയമിടിപ്പിൽ വലിയ പ്രശ്നങ്ങളുള്ളവരിൽ ഘടിപ്പിക്കുന്ന ഇംപ്ലാന്റബിൾ
കാർഡിയോവെർട്ടർ ഡിഫിബ്രിലേറ്ററും (ഐസിഡി) ഉണ്ട്.
∙ ആദ്യ മണിക്കൂർ നിർണായകം
പെട്ടെന്നു കുഴഞ്ഞുവീണുള്ള മരണം 2 കാരണങ്ങളാൽ സംഭവിക്കാം.
ഹൃദയാഘാതത്തെത്തുടർന്നുള്ള ഹൃദയസ്തംഭനമാണ് ഒന്ന്. ഹൃദയതാളത്തിലെ
വ്യതിയാനം മൂലമുള്ള ഹൃദയസ്തംഭനം മറ്റൊന്ന്. നെഞ്ചുവേദനകൊണ്ടു കുഴഞ്ഞുവീണു
മരിക്കുന്നത് ഹൃദയാഘാതം മൂലമുള്ള ഹൃദയസ്തംഭനത്തെത്തുടർന്നാണ്.
ഹൃദയാഘാതത്തെത്തുടർന്നു നെഞ്ചുവേദനയുണ്ടായാൽ ആദ്യ മണിക്കൂർ
നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ മരണം സംഭവിക്കാം.
ഇത്തരം സാഹചര്യത്തിൽ എത്രയും വേഗം ചികിത്സ നൽകണം. ഹൃദയതാളത്തിലെ
വ്യതിയാനം മൂലമുള്ള ഹൃദയസ്തംഭനത്തിനു ജനിതകപ്രശ്നങ്ങൾ വരെ കാരണമാണ്.
കുടുംബത്തിൽ ആർക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ പ്രത്യേക
കരുതലെടുക്കണം.
കുഴഞ്ഞുവീണുള്ള മരണം ചെറുപ്പക്കാരിൽ ഏറിവരുന്നുണ്ട്. അനാരോഗ്യകരമായ
ജീവിതശൈലി, ഭക്ഷണരീതി, വ്യായാമമില്ലായ്മ, അമിതവണ്ണം തുടങ്ങിയവ ഉയർന്ന
രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയ്ക്കു കാരണമാകുകയും
ഹൃദയാഘാതസാധ്യത കൂട്ടുകയും ചെയ്യുന്നു. പുകവലിയും അമിത മദ്യപാനവും
രക്തസമ്മർദം കൂട്ടുകയും ഹൃദയസ്തംഭനത്തിലേക്കു നയിക്കുകയും ചെയ്യും. കോവിഡ്
കാലത്ത് രക്തം കട്ടപിടിച്ചു ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴത്തെ കുഴഞ്ഞുവീണുള്ള മരണങ്ങളെ കോവിഡുമായി ബന്ധിപ്പിക്കാനാകില്ല.
കോവിഡ് വാക്സീൻ എടുത്തവരിൽ ഹൃദയാഘാതമുണ്ടാകുമെന്ന പ്രചാരണത്തിലും
വാസ്തവമില്ല.
∙ വേദന അറിയില്ല; നിശ്ശബ്ദ കൊലയാളി
നെഞ്ചുവേദനയില്ലാതെയും ഹൃദ്രോഗമുണ്ടാവാം. പിന്നീടെപ്പോഴെങ്കിലും ഇസിജി
എടുക്കുമ്പോഴാകും ഇതു തിരിച്ചറിയുക. ചിലർക്കു നെഞ്ചെരിച്ചിലും വിങ്ങലുമുണ്ടായി
കുറച്ചു കഴിഞ്ഞു മാറിയെന്നും വരാം. ഈ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റേതാണെന്നു
തിരിച്ചറിയാറില്ല. പ്രമേഹ രോഗികളിലാണ് ഈ തരത്തിൽ വേദനയില്ലാതെ ഹൃദ്രോഗം
കാണുന്നത്. 40 വയസ്സു മുതൽ പ്രായം കൂടുന്നതനുസരിച്ചു രക്തക്കുഴലിലെ തടസ്സം
കൂടിക്കൊണ്ടിരിക്കും. പെട്ടെന്നു നെഞ്ചുവേദനയുണ്ടാകുമ്പോഴാണു പലരും രോഗം
തിരിച്ചറിയുന്നത്. പുരുഷന്മാർക്ക് 45 വയസ്സിനു ശേഷവും സ്ത്രീകൾക്ക് 55നു
ശേഷവുമാണു ഹൃദയാഘാത സാധ്യത കൂടുന്നത്. ഹൃദയത്തിനു വേണ്ട തോതിൽ
രക്തം പമ്പ് ചെയ്യാൻ കഴിയാനാകാത്ത അവസ്ഥ, ഹാർട്ട് ബ്ലോക്ക്, വാൽവുകളിൽ
തകരാറുകൾ എന്നിവയുള്ളവരും മുൻപു ഹാർട്ട് അറ്റാക്ക് ഉണ്ടായവരും പ്രത്യേകം
ശ്രദ്ധിക്കണം. ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാകുന്നതിനു പ്രധാന കാരണം
ജനിതക പ്രശ്നമാണ്. മാതാപിതാക്കളിൽ ആരെങ്കിലും ഹൃദ്രോഗിയാണെങ്കിൽ ഉറപ്പായും
പരിശോധന നടത്തേണ്ടതുണ്ട്.
∙ വൈറൽ പനി വില്ലനാണ്; സൂക്ഷിക്കണം
ഹൃദയവുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങൾ ചിലപ്പോൾ നമ്മൾ
തിരിച്ചറിയണമെന്നുപോലുമില്ല. രോഗമാണെന്നു നമുക്കു മനസ്സിലാക്കാനാകാത്തൊരു
രോഗമുണ്ട്– ഡൈലേറ്റഡ് കാർഡിയോമയോപ്പതിയെ(ഡിസിഎം) തുടർന്നുണ്ടാകുന്ന
ഹൃദയ പരാജയം. കോവിഡ് പോലുള്ള ശക്തമായ വൈറൽ പനിയുടെ
പാർശ്വഫലമായാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. പനിയായിരിക്കും ആദ്യ ലക്ഷണം.
തുടർന്നു ചെറിയ ശ്വാസംമുട്ടോ ചുമയോ അനുഭവപ്പെടും. ഡോക്ടർമാർ
ആന്റിബയോട്ടിക്കോ മറ്റു മരുന്നുകളോ നൽകും. പക്ഷേ, ഈ വൈറൽ പനി
ഹൃദയത്തിലെ മാംസപേശികളെ ബാധിക്കും (വൈറൽ മയോകാർഡൈറ്റിസ്). പലപ്പോഴും
ഇതു കണ്ടെത്താൻ വൈകും. മാംസപേശികളിലെ നീർക്കെട്ട് അല്ലെങ്കിൽ അണുബാധ
മൂലം ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയും. അതു മെല്ലെ ഹൃദയപരാജയത്തിലേക്കു
നീങ്ങും. കാർഡിയോമയോപ്പതി എന്ന ഈ അസുഖം അമിതമായി കായികാധ്വാനത്തിൽ
ഏർപ്പെടുമ്പോൾ പെട്ടെന്നു ഹൃദയ സ്തംഭനത്തിനുള്ള സാഹചര്യം സൃഷ്ടിക്കും.
ഇതുകാരണം ആളുകൾ പെട്ടെന്നു കുഴ‍ഞ്ഞു വീണ് മരണപ്പെടാൻ സാധ്യത കൂടുതലാണ്.
∙ പടികൾ കയറുമ്പോൾ ബുദ്ധിമുട്ടുണ്ടോ?
പടികൾ കയറുമ്പോൾ കയ്യിലോ നെഞ്ചിലോ ഒക്കെ ഒരു പിടിത്തം പോലെ തോന്നിയാൽ
ശ്രദ്ധിക്കണം. നന്നായി ഭക്ഷണം കഴിച്ചു സ്റ്റെപ് കയറുമ്പോൾ ബുദ്ധിമുട്ടുണ്ടെങ്കിലും
ശ്രദ്ധിക്കണം. ദിനവും വ്യായാമം ചെയ്യുന്ന ഒരാൾക്കു സാധാരണഗതിയിൽ കൂടുതലുള്ള
ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ശ്രദ്ധ വേണം. അസ്വാഭാവിക ക്ഷീണം, ഉറക്കമില്ലായ്മ,
ദഹനപ്രശ്നം, താടി, പുറം, തോൾ, നെ‍ഞ്ച് തുടങ്ങിയ ഭാഗങ്ങളിലെ വേദന എന്നിവയാണ്
സ്ത്രീകളിൽ കൂടുതലായി കാണുന്ന ലക്ഷണങ്ങൾ.
ആർത്തവമുണ്ടാകുന്ന 50 വയസ്സുവരെയുള്ള സമയത്ത് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ
എന്നീ ഹോർമോണുകളുടെ സാന്നിധ്യം ഉള്ളതിനാൽ സ്ത്രീകളിൽ
ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണ്. ആർത്തവ വിരാമമാകുന്നതോടെ
സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂടും. ജീവിതശൈലീ രോഗങ്ങൾക്കു പുറമേ
ഹോർമോൺ ഗുളികകളും ഗർഭനിരോധന ഗുളികകളും കഴിക്കുന്നവരിൽ രോഗസാധ്യത
കൂടുതലാണ്.

 ഹൃദയപ്രശ്നങ്ങൾ ഉള്ളവർക്ക് എയ്റോബിക് വ്യായാമങ്ങളാണ് ഉത്തമം.


കട്ടിയേറിയ വ്യായാമം ചെയ്താൽ ഹൃദയത്തിനു ചെറിയ
താളവ്യത്യാസമുള്ളവരിൽ പോലും ഹൃദയാഘാതത്തിനുള്ള സാധ്യത
കൂടുതലാണ്.

∙ കോവിഡ്: വേണം അധികം കരുതൽ
കോവിഡ് ബാധിച്ചവർ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
മൂക്കിലൂടെയും വായിലൂടെയുമാണ് കൊറോണ വൈറസ് ബാധിക്കുന്നത്. എങ്കിലും
ശരീരം മുഴുവൻ ബാധിക്കാൻ കോവിഡിന് കഴിയും. രക്തക്കുഴലുകളുടെ ഉൾഭിത്തിയെ
ബാധിക്കാൻ കഴിവുള്ളവയാണ് ഇത്തരം വൈറസുകൾ. അടുത്തിടെ ‘നേച്ചർ ജേർണലിൽ’
പ്രസിദ്ധീകരിച്ച കോവിഡ് വന്നവരെയും വരാത്തവരെയും താരതമ്യം ചെയ്തു നടത്തിയ
പഠനത്തിൽ കോവിഡ് വന്നു പോയവരിൽ അടുത്ത ഒരു വർഷം വരെ
രക്തക്കുഴലുകളിലെ നീർക്കെട്ടുമായി ബന്ധപ്പെട്ട ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവ
വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ കൂടുതലെന്നു കണ്ടെത്തിയിട്ടുണ്ട്.
കോവിഡിന് ശേഷം ശരീരം പൂർവസ്ഥിതിയിൽ എത്താൻ ആഴ്ചകളോളം സമയമെടുക്കും.
ഈ സമയം കഠിനമായ വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നതാണു നല്ലത്. ഉദാഹരണത്തിന്
വാശിയോടെയുള്ള ഷട്ടിൽ, ഫുട്ബോൾ കളികൾ, കഠിനമായ ഭാരം ഉയർത്തിയുള്ള
വ്യായാമങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. ദൈനംദിന പ്രവൃത്തികളും നടപ്പ് ഉൾപ്പെടെ
വ്യായാമങ്ങളും ആരോഗ്യ സംരക്ഷണത്തിനായി തുടരാം.
∙ ആൻജിയോഗ്രഫി, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി
സ്റ്റെതസ്കോപ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയും ഇസിജിയും മുതൽ
ആൻജിയോഗ്രഫി വരെയുള്ള പല ഹൃദയ പരിശോധനകളും നിലവിലുണ്ട്. രോഗിയെ
ക്രമമായ വ്യായാമ രീതിക്കു വിധേയമാക്കി പരിശോധിക്കുന്ന ടെസ്റ്റ് ആണ് ടിഎംടി
അഥവാ ട്രെഡ്മിൽ ടെസ്റ്റ്. ഇവയ്ക്ക് ഏകദേശം 1000 രൂപയാണ് ചെലവ്.
രക്തക്കുഴലുകളിലെ ബ്ലോക്കുകൾ കണ്ടെത്താനുള്ള മികച്ച പരിശോധനയാണ്
ആൻജിയോഗ്രഫി. രോഗിയുടെ തുടയ്ക്കു മുകളിലൂടെയോ കയ്യിലൂടെയോ കത്തീറ്റർ
കടത്തിവിട്ടു രക്തക്കുഴലിലൂടെ മഹാധമനിയിലെത്തുന്നു. അവിടെ നിന്നു
ഹൃദയധമനികളുടെ തുടക്ക സ്ഥാനത്തെത്തും. അയോഡിൻ കലർന്ന ഡൈ ഇതിലൂടെ
കടത്തിവിടും. ഇതു രക്തവുമായി കലർന്നു കൊറോണറി ധമനിയിൽ നിറയുന്നു.
പ്രത്യേക എക്സ്റേ സംവിധാനമുപയോഗിച്ച് ഇതിന്റെ ചിത്രമെടുക്കുന്നു.
പരിശോധനയ്ക്ക് ആൻജിയോഗ്രഫി എന്നും ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങൾക്ക്
ആൻജിയോഗ്രാം എന്നും പറയുന്നു.
ഹൃദയ ധമനികളിലെ തടസ്സം നീക്കുന്നതിനുള്ള ചികിത്സാ മാർഗമാണ്
ആൻജിയോപ്ലാസ്റ്റി. നേർത്ത ട്യൂബ് ഹൃദയധമനിയിലേക്കു കാലിൽ കൂടിയോ കയ്യിൽ
കൂടിയോ കടത്തിയാണ് ഇതു ചെയ്യുന്നത്. ട്യൂബിന്റെ അറ്റത്തു ചെറിയ ബലൂണും
ഉണ്ടാകും. തടസ്സമുള്ള ധമനിയിലേക്കു ട്യൂബ് എത്തുന്നത് എക്സ്റേ സ്ക്രീനിങ് വഴി
നിരീക്ഷിക്കാം. തുടർന്നു ബലൂൺ പതിയെ വികസിപ്പിക്കുന്നു. ധമനിക്കുള്ളിൽ അടിഞ്ഞു
കൂടിയ കൊഴുപ്പിനെ ഇതു ധമനിയുടെ ഭിത്തിയിലേക്കു തള്ളുകയും രക്തയോട്ടം
സാധാരണ ഗതിയിലാവുകയും ചെയ്യുന്നു.
∙ അമിത വ്യായാമം ആപത്ത്
വ്യായാമത്തിനും കായിക വിനോദങ്ങൾക്കുമിടെ തളർന്നുവീണു മരിക്കുന്ന അപൂർവ
സംഭവങ്ങൾ കേട്ടിട്ടില്ലേ. പതിവായി, മിതമായ തോതിലുള്ള വ്യായാമം ചെയ്യുന്നത് വളരെ
നല്ലതാണ്. എന്നാൽ ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയ്ക്കു യോജിച്ച വ്യായാമം
വിദഗ്ധസഹായത്തോടെ വേണം തിരഞ്ഞെടുക്കാൻ. പതിവായി വ്യായാമം ചെയ്യുന്ന, 40
വയസ്സിനു മുകളിലുള്ള പുരുഷന്മാരും 55 കഴിഞ്ഞ സ്ത്രീകളും ഹൃദയപരിശോധന
നടത്തുന്നതാണ് ഉത്തമം. പാദത്തിൽ നീര്, കാൽവണ്ണ വേദന, വ്യായാമത്തിനിടെ
നെഞ്ചുവേദന, ശ്വാസം കിട്ടാതാകൽ എന്നിവയുണ്ടെങ്കിൽ ഡോക്ടറെ കാണണം.
ഡോക്ടർ സമ്മതിച്ചാൽ, സാവധാനം ക്രമമായ വ്യായാമവുമായി മുന്നോട്ടുപോകാം. തീരെ
ശരീരം അനങ്ങാത്തയാളാണെങ്കിൽ ആദ്യം ഇരിപ്പ് കുറയ്ക്കുക; ചലനം കൂട്ടുക. പിന്നീടു
നടക്കാൻ തുടങ്ങാം. നടത്തമാണ് ഏറ്റവും മികച്ച എയ്റോബിക് വ്യായാമം.
ആരോഗ്യമുള്ള മുതിർന്നവർ ആഴ്ചയിൽ 2.5 മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.
പേശീബലം കൂട്ടുന്ന വ്യായാമങ്ങളും സ്ട്രെച്ചിങ്ങും ആഴ്ചയിൽ രണ്ടുവട്ടം ചെയ്യാം.
വേഗത്തിലുള്ള നടത്തം, ശരാശരി വേഗത്തിലുള്ള സൈക്ലിങ്, ടെന്നിസും ഷട്ടിലും
ഡബിൾസ് എന്നിവ മിതവ്യയാമങ്ങളാണ്. സ്കിപ്പിങ്, ഓട്ടം, ടെന്നിസ്/ഷട്ടിൽ സിംഗിൾസ്,
ഫാസ്റ്റ് സൈക്ലിങ്, നീന്തൽ എന്നിവ അധ്വാനമേറിയ വ്യായാമങ്ങളും. ഹൃദയപ്രശ്നങ്ങൾ
ഉള്ളവർക്ക് എയ്റോബിക് വ്യായാമങ്ങളാണ് ഉത്തമം. കട്ടിയേറിയ വ്യായാമം ചെയ്താൽ
ഹൃദയത്തിനു ചെറിയ താളവ്യത്യാസമുള്ളവരിൽ പോലും ഹൃദയാഘാതത്തിനുള്ള
സാധ്യത കൂടുതലാണ്. കുറച്ചു കാലം വ്യായാമം ചെയ്യാതിരുന്നവർ പെട്ടെന്ന് ഒരുപാട്
വ്യായാമം ചെയ്യുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടും. പെട്ടെന്നു കായിക
പ്രവർത്തനത്തിലേർപ്പെടുമ്പോൾ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ധമനിയിൽ
തടസ്സമുണ്ടാക്കും. ഹൃദയാഘാതം സംഭവിക്കും. 40 വയസ്സിനു മുകളിലുള്ളവർ
നിർബന്ധമായും കാർഡിയോളജിസ്റ്റിന്റെ സഹായം തേടിയ ശേഷമേ കളികളിലേക്ക്
ഇറങ്ങാവൂ.
∙ ഭക്ഷണത്തിൽ ശ്രദ്ധ വേണം
∙ കാലറി, കൊഴുപ്പ് എന്നിവ കുറഞ്ഞതും, പ്രോട്ടീനുകളും നാരുകളും, വൈറ്റമിനുകളും
ധാരാളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശീലമാക്കുക
∙ എണ്ണയും, തേങ്ങയും വറുത്തതും, പൊരിച്ചതുമായ ഭക്ഷണ പദാർഥങ്ങളുടെയും
ഉപയോഗം കുറയ്ക്കുക
∙ കൊഴുപ്പ് നീക്കിയ പാൽ, മുട്ടയുടെ വെള്ള എന്നിവ ദിവസവും ഉപയോഗിക്കാം
∙ സാലഡുകൾ തയാറാക്കുമ്പോൾ മുളപ്പിച്ച പയർവർഗങ്ങൾ ഉൾപ്പെടുത്തിയാൽ
പോഷകമൂല്യം കൂടും
∙ റെഡ് മീറ്റിന്റെ ഉപയോഗം പരിമിതപ്പെടുത്തി, തൊലി കളഞ്ഞ കോഴിയിറച്ചി ആഴ്ചയിൽ
ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കാം
∙ ചെറു മത്സ്യങ്ങൾ ഉദാഹരണത്തിന് മത്തി, അയല എന്നിവ കൂടുതലായി ഭക്ഷണത്തിൽ
ഉൾപ്പെടുത്തുക
∙ ബേക്കറി പലഹാരങ്ങൾ, ശീതളപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കഴിവതും
ഒഴിവാക്കുക
∙ കാപ്പി, ചായ എന്നിവ മിതമായി മാത്രം.
∙ ധാരാളം വെള്ളം കുടിക്കുക, വ്യായാമവും നിർബന്ധമാക്കുക.
∙ ആശങ്ക വേണ്ട
ഹൃദയത്തിനൊരു തകരാർ കണ്ടെത്തിയെന്നു കരുതി നിരാശപ്പെടേണ്ട കാര്യമില്ല.
പേസ്മേക്കർ മുതൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വരെ ഇന്ന് ലഭ്യമാണ്. എത്രയും
വേഗം ഹൃദയസംബന്ധമായ രോഗങ്ങളുടെ കാരണം കണ്ടെത്തി ആ കാരണങ്ങൾ
ഒഴിവാക്കാൻ ശ്രമിക്കണം. ഒരിക്കൽ ഹാർട്ട് ഫെയിലിയർ സംഭവിച്ചാൽ സ്വാഭാവിക
ജീവിത്തിലേക്കു തിരികെ വരാൻ ബുദ്ധിമുട്ടാണ്. ഹാർട്ട് ഫെയിലിയർ സംഭവിച്ചു
കഴിഞ്ഞൊരു സ്ത്രീ ഡോക്ടറുടെ അനുവാദത്തോടെ മാത്രമേ ഗർഭധാരണം
ആസൂത്രണം ചെയ്യാവൂ. ചിലപ്പോൾ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ജീവനു
ഭീഷണിയാകാറുണ്ട്. ഒരിക്കൽ ഹാർട്ട് അറ്റാക്ക് സംഭവിച്ചവർ ജീവിതകാലം മുഴുവൻ
മരുന്നുകൾ കൃത്യമായി കഴിക്കണം. മരുന്നു മുടങ്ങിയാൽ വീണ്ടും അറ്റാക്ക് വന്നേക്കാം.
എന്തായാലും രോഗ ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു എത്രയും വേഗം വിദഗ്ധ
ചികിത്സ തേടാൻ മടിക്കാതിരിക്കുക.
English Summary : How to Prevent Heart Diseases - Explained
TAGS: MM Premium News Premium Heart Disease Heart Attack Heart Surgery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

MORE IN NEWS PLUS


PREMIUM PREMIUM PREMIUM

‘ഗ്യാസ്’ അല്ല; ഈ നെല്ലിലെ ‘വായ്പാക്കെണി’ 9 ഓരോ വീടും ‘പാർട്ടി


ലക്ഷണങ്ങൾ വർഷം മുൻപേ പറഞ്ഞ ഓഫിസ്’, എന്താണ്
ഹൃദയാഘാതത്തിന്റെ പ്രവാസി മലയാളി: പുതുപ്പള്ളിയിലെ ആ
മുന്നറിയിപ്പ്; എങ്ങനെ കനിയാത്തത് കേന്ദ്രമോ രഹസ്യം? ജനം പറയുന്നു:
തിരിച്ചറിയും? ജിമ്മിലും കേരളമോ? ‘ഞങ്ങളും കാത്തിരിപ്പാണ്’
വേണോ മുൻകരുതൽ?

 

PREMIUM PREMIUM PREMIUM

‘ഈ അവസ്ഥയിലേക്ക് ആദിത്യ തീർക്കും ഭൂമിക്ക് ഗോവയ്ക്ക് അടിക്കുമോ


എത്തിച്ചത് സർക്കാർ; ‘അദ്ഭുത’ പടച്ചട്ട; കേരളത്തിന്റെ ‘ഓണം
ഇപ്പോൾ തോന്നുന്നു, ഇസ്‌റോയുടെ ബംപർ’; ഹൈസ്പീഡ്
എന്തിനായിരുന്നു സൂര്യയാത്രയ്ക്കു പിന്നിലെ റെയിലിന് വഴികാട്ടുമോ
ഇതെല്ലാമെന്ന്’: തുറന്നു യാഥാർഥ്യം രണ്ടാം വന്ദേഭാരത്?
പറഞ്ഞ് കൃഷ്ണപ്രസാദ്

SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം


രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം
എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം
അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

You might also like